
തൃപ്പൂണിത്തുറ: രാവിലെ ബാങ്ക് അക്കൗണ്ട് തുറന്നുനോക്കിയപ്പോൾ കണ്ടത് വിശ്വസിക്കാനാകാത്ത തുക. ബാലൻസിൽ 3,500 കോടിയിലേറെ രൂപ! ഒരു നിമിഷം കൊണ്ട് കോടീശ്വരനിലേക്കല്ല, സഹസ്രകോടീശ്വരനിലേക്കാണ് ഉയർന്നതെന്ന് തോന്നിയെങ്കിലും ദർശന സൂപ്പർമാർക്കറ്റ് ശൃംഖല ഉടമ സുമേഷ് കുമാറിനെ ആദ്യം പിടികൂടിയത് ആശങ്കയായിരുന്നു.
ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് അപ്രതീക്ഷിതമായി ഇത്രയും വലിയ തുക പ്രത്യക്ഷപ്പെട്ടത്. ഇതിനുപിന്നാലെ സൂപ്പർമാർക്കറ്റിലെ കാർഡ് സ്വൈപ്പിങ്ങുമായി ബന്ധപ്പെട്ട് മൂന്നരക്കോടി രൂപ വീതം രണ്ടുതവണയായി ഏഴുകോടി രൂപ അക്കൗണ്ടിലെത്തിയെന്ന സന്ദേശവും ലഭിച്ചു. എന്നാൽ അക്കൗണ്ടിലെ ആകെ ബാലൻസ് കണ്ട് അസ്വാഭാവികത തിരിച്ചറിഞ്ഞ സുമേഷ് ഉടൻ ബാങ്ക് അധികൃതരെ വിവരമറിയിച്ചു.
വിവരം കേട്ട് ആദ്യം അമ്പരന്ന ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ സാങ്കേതിക തകരാറാണ് ഈ അസാധാരണ സംഭവത്തിന് പിന്നിലെന്ന് വ്യക്തമായി. അക്കൗണ്ടിൽ യഥാർഥത്തിൽ ഇത്രയും തുക എത്തിയിട്ടില്ലെന്നും ബാലൻസിൽ വന്ന പിഴവ് മാത്രമാണെന്നും സ്ഥിരീകരിച്ചതോടെ ആശങ്കയ്ക്ക് വിരാമമായി.
വൈകിട്ടോടെ സാങ്കേതിക പ്രശ്നം പരിഹരിച്ച് അക്കൗണ്ടിലെ ബാലൻസ് സാധാരണ നിലയിലാക്കി. രാവിലെ സഹസ്രകോടീശ്വരനായി തോന്നിയെങ്കിലും വൈകിട്ടോടെ എല്ലാം പഴയപടിയായി. ഒറ്റ ദിവസം കൊണ്ട് ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചെന്നു തോന്നിച്ച ഈ അനുഭവം രസകരമായ ഓർമയായെന്നാണ് സുമേഷ് കുമാർ പറയുന്നത്.











